രണ്ടാം ക്ലാസിനു വേണ്ടി തിരുവനന്തപുരം ഡയറ്റ് തയ്യാറാക്കിയ വായന കാര്‍ഡുകള്‍ - വെളിച്ചം - 2016
UNIT 1
എന്‍റെ കേരളം
എന്‍റെ കേരളം- ഗോപാലകൃഷ്ണന്‍ കോലഴി എഴുതിയ കവിത അവതരിപ്പിക്കുന്നതിലേക്കായി കേരളത്തിന്‍റെ പ്രകൃതി ഭംഗി വര്‍ണ്ണിക്കുന്ന ചില ചിത്രങ്ങളിതാ...
നിറം നല്‍കി മനോഹരമാക്കാന്‍ ഇതാ ചില ചിത്രങ്ങള്‍
ചില നാടന്‍ കളികള്‍ പരിചയപ്പെടാം
തൊട്ടുകളി
പെൺകുട്ടികൾ സംഘമായി ചേർന്ന് വട്ടത്തിലിരുന്ന് കളിക്കുന്ന കളിയാണ് തൊട്ടുകളി. ഒരു കുട്ടിയൊഴിച്ചുള്ളവരെല്ലാം കൈപ്പടങ്ങൾ മലർത്തി നിലത്തുവയ്ക്കും. കൈ വയ്ക്കാത്ത കുട്ടി തന്റെ കൈ ചുരുട്ടിപ്പിടിച്ചുകൊണ്ട് 'അത്തളി-ഇത്തളി-പറങ്കിത്താളി-സിറ്റുമ-സിറ്റുമ-സ' എന്നു പാടിക്കൊണ്ട് മറ്റു കുട്ടികളുടെ കൈപ്പടങ്ങളിൽ കുത്തും. 'സ' പറഞ്ഞുകൊണ്ടുള്ള കുത്തുകൊള്ളുന്നയാൾ കൈപ്പടം കമഴ്ത്തണം. ഒരു ചുറ്റു കഴിഞ്ഞ് പിന്നെയും അതേ കയ്യിൽ കുത്തു കിട്ടിയാൽ ആ കൈ പിൻവലിക്കണം. ഇങ്ങനെ രണ്ടുകയ്യും പിൻവലിക്കുന്ന ആൾ കളിയിൽ നിന്നു പിന്മാറണം. അവസാനം ബാക്കിയാകുന്ന ആൾ 'കാക്ക'ആകും. കാക്കയ്ക്കു പിടികൊടുക്കാതെ മറ്റുള്ളവർ ഓടും. അവരെ തൊടുവാനായുള്ള കാക്കയുടെ ഓട്ടമാണ് കളിയുടെ അടുത്ത ഘട്ടം. 'കാക്ക' എന്ന പേര് തെക്കൻ കേരളത്തിലെ തൊട്ടുകളിയിലില്ല. വായ്ത്താരി പറഞ്ഞോ, ഒന്നേ രണ്ടേ എന്ന് എണ്ണിയോ ഓരോരുത്തരെയായി പുറത്താക്കിയശേഷം പുറത്താകാതെ നില്ക്കുന്ന ആൾ മറ്റുള്ളവരെ തൊടാൻവേണ്ടി ശ്രമിക്കുക എന്നതാണ് അവിടത്തെ രീതി. ഒരു കാൽ മടക്കിവച്ചു ചാടിക്കൊണ്ട് മറ്റുള്ളവരെ തൊടാനായി ശ്രമിക്കുന്ന തരം തൊട്ടുകളിയും തെക്കൻ കേരളത്തിലുണ്ട്. ഇതിന് കൊന്നിത്തൊട്ടുകളി എന്നാണ് പറയുന്നത്. തൊട്ടുകളി മൈതാനത്തിലും പറമ്പിലുമെന്നപോലെ കുളത്തിലും മറ്റും കളിക്കുന്ന പതിവും തെക്കൻ കേരളത്തിലുണ്ട്. മുങ്ങിയും നീന്തിയും തൊടാൻ വരുന്നയാളിൽനിന്ന് മാറിമാറിപ്പോവുകയാണ് ഇതിൽ ചെയ്യുന്നത്
ഈർക്കിൽ കളി
തെങ്ങിന്‍റെ ഈര്‍ക്കിലുകള്‍ ഉപയോഗിച്ച് കുട്ടികൾ കളിക്കുന്ന ഒരു നാടൻകളിയാണ് ഈർക്കിൽ കളി. നൂറാംകോൽ, റാണിയും മക്കളുംഎന്നീ പേരുകളിലും ചില പ്രദേശങ്ങളിൽ ഈ കളി അറിയപ്പെടുന്നു. രണ്ടോ അതിലധികമോ പേർ തറയിൽ ഇരുന്നാണ് കളിക്കുക.വളരെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമായ ഈ കളി കാറ്റടിക്കാത്ത മുറിക്കകത്തും കോലായിലും വച്ചാണ് സാധാരണ കളിക്കുക.
കളിക്കുന്ന രീതി
വ്യത്യസ്ത നീളങ്ങളിലുള്ള മൂന്നുതരം ഈർക്കിലുകളാണ് ഈ കളിയിൽ ഉപയോഗിക്കുന്നത്. നാലിഞ്ചോളം നീളത്തിലുള്ള പത്ത് എണ്ണവും. ആറിഞ്ചോളം നീളത്തിൽ രണ്ടെണ്ണവും പത്തിഞ്ചോളം വലിപ്പമുള്ള ഒരീർക്കിലുമാണ് കളിക്കു വേണ്ടത്.ഓരോ തരം ഈർക്കിലിനും വ്യത്യസ്ത വിലയാണുള്ളത്. ചെറിയ ഈർക്കലിനു 10-ഉം ഇടത്തരത്തിനു 50-ഉം ഏറ്റവും വലിയ ഒരു ഈർക്കലിനു 100-ഉം ആണ് വില.
ഈ ഈർക്കിലുകൾ പകുത്ത് കുരിശുരൂപത്തിൽ പിടിച്ച് നിലത്തേക്ക് ചെറിയ ശക്തിയിൽ ഇടും. ചിതറിക്കിടക്കുന്ന ഈർക്കിലുകൾ മറ്റു ഈർക്കിലുകൾ അനങ്ങാതെ സൂക്ഷ്മതയോടെ ഓരോന്നായി എടുക്കണം. ഏറ്റവും വലിയ ഈർക്കിലിനു മുകളിൽ ഒരു ഈർക്കിലെങ്കിലും വന്നില്ലെങ്കിൽ ആ കളിക്കാരൻ അവസരം അടുത്ത കളിക്കാരനു കൈമാറണം. നിലത്ത് വീണിരിക്കുന്ന ഈർക്കലുകൾ ഓരോന്നായി മറ്റുള്ള ഈർക്കലുകൾ അനങ്ങാതെ എടുക്കണം.പുറത്തേക്ക് ഒറ്റയായി തെറിച്ചു വീണിരിക്കുന്ന ഈർക്കിലുകളെ ആദ്യം കൈക്കലാക്കുന്നു. പിന്നീട് ഏതെങ്കിലും ഈർക്കിൽ ഉപയോഗിച്ച് സൂക്ഷ്മതയോടെ മറ്റു ഈർക്കിലുകളെ ചിള്ളി മാറ്റി പുറത്തെടുക്കണം. കൂടെയുള്ള കളിക്കാർ ഈർക്കിൽ അനങ്ങുന്നുണ്ടോ എന്നു നിരീക്ഷിക്കും.അനങ്ങിയാൽ കളിനിർത്തി അടുത്തയാൾക്കു കളിക്കാം. അനങ്ങുന്നതുവരെ സ്വന്തമായി കിട്ടിയ ഈർക്കിലിന്റെ വില കൂട്ടി വെക്കും. മുഴുവൻ ഈർക്കിലുകളും എടുക്കാനായാൽ 300 വില ആ കളിക്കാരനു ലഭിക്കും.കളിയിൽ വിദഗ്ധനായാൽ ഉയരത്തിൽ നിന്നും, ശക്തിയിലും ഈർക്കിൽ കൂട്ടം താഴോട്ടിട്ട് ഏറ്റവും വലിയ ഈർക്കിലിനു മുകളിൽ ഒന്നോ രണ്ടൊ ഈർക്കിൽ മാത്രം വരുന്ന വിധം ചിതറി ഇടാനും മറ്റുള്ള ഈർക്കലുകൾ പരസ്പരം തൊടാതെ അകന്നു വീഴ്താനും സാധിക്കും.
- നിബന്ധനകൾ
- ഈർക്കിലുകൾ കുരിശുരൂപത്തിൽ പിടിക്കണം.
- തറയിലേക്കിട്ടു ചിതറിക്കുമ്പോൾ 100 എന്ന ഈർക്കലിനു മുകളിൽ ഏതെങ്കിലും ഒരു ഈർക്കൽ ഉണ്ടായിരിക്കണം.
- എല്ലാ ഈർക്കലും അനങ്ങാതെ എടുത്താൽ തുടർന്നു കളിക്കാം
തലപ്പന്തു കളി
തെങ്ങോല ഉപയോഗിച്ചുള്ള പന്തുകൊണ്ടുണ്ടാക്കിയ ഒരു കളിയാണുതലപ്പന്തുകളി. തലമപ്പന്തുകളി എന്ന പേരിലും അറിയപ്പെടുന്നു. ഓണക്കാലത്താണ് പൊതുവെ തലപ്പന്തുകളി നടത്തുന്നത്. പല സ്ഥലങ്ങളിലും വ്യത്യസ്തമായ കളിനിയമങ്ങളാണ് നിലവിലുള്ളത്. ഒരാൾ കളിക്കുമ്പോൾ മറ്റുള്ളവർ മറുപുറത്ത് നില്ക്കും. അതിനെ 'കാക്കുക' എന്നാണ് പറയുന്നത്. ഒരു കല്ല് ( സ്റ്റമ്പ്) നിലത്ത് കുത്തി നിർത്തി അതിനടുത്തു നിന്നാണ് കളിക്കുന്നത്. ഈ കല്ലിനെ "ചൊട്ട" എന്നു ചിലയിടങ്ങളിൽ പറയും. എറിയുന്ന പന്ത് നിലം തൊടാതിരിക്കുമ്പോൾ മറു ഭാഗക്കാർ പിടിച്ചെടുക്കുകയാണെങ്കിൽ കളിക്കാരന് കളി നഷ്ടപ്പെടും. പന്ത് നിലം കുത്തി വരുമ്പോൾ പിടിച്ചെടുത്തിട്ട് ചൊട്ടയിലെറിഞ്ഞു കൊള്ളിച്ചാലും അയാളുടെ കളി തീരും. കളിക്കാരൻ പല രീതിയിൽ പന്തെറിഞ്ഞ് ഒരു 'ചുറ്റു' പൂർത്തിയാക്കണം. നാടു നീങ്ങിക്കൊണ്ടിരിക്കുന്ന ഇത്തരം വിനോദങ്ങൾ അപൂർവ്വമായെങ്കിലും ഇപ്പോഴും നാട്ടിൻ പുറങ്ങളിൽ കളിക്കാറുണ്ട്.
കളിയുടെ രീതി
അഞ്ചോ ആറോ ആളുകൾക്ക് കളിക്കാം. ഒറ്റക്കൊറ്റക്ക് കളിക്കുന്നതായതു കൊണ്ട് ആളുകളുടെ എണ്ണം പ്രശ്നമില്ല. ആദ്യം ഒരാൾ കളി ആരംഭിക്കുന്നു. ചൊട്ടക്ക് മുന്നിൽ പുറം തിരിഞ്ഞ് നിന്ന് ഇടതു കൈയ്യിൽ നിന്ന് വലതു കൈയിലേക്ക് തട്ടിക്കൊടുത്ത് വലതു കൈ കൊണ്ട് തലക്ക് മുകളിലൂടെതലമ്മ ഒന്ന് എന്ന് പറഞ്ഞ് അടിക്കണം. ചുറ്റുഭാഗത്തും പന്ത് പിടിക്കാനിരിക്കുന്നവരുടെ കണ്ണ് വെട്ടിച്ചായിരിക്കണം അടി. പിടിച്ചാൽ ഔട്ട്. പിടിച്ചില്ലെങ്കിൽ പന്ത് വീണ സ്ഥലത്തുനിന്ന് സ്റ്റമ്പിലേക്കെറിയണം. സ്റ്റമ്പിൽ തട്ടിയാലും ഔട്ട്. ഇനി കൈയിൽ തട്ടുകയും പിടിക്കാനാവാതെ നിലത്തു വീഴുകയും ചെയ്താൽ സ്റ്റമ്പിന് നേരെ നിന്ന് എറിയാം.ഔട്ടായില്ലെങ്കിൽ തലമ്മ രണ്ടും ശേഷം മൂന്ന് അടിക്കാം. പിന്നീട് താഴെ കാണൂന്ന ക്രമത്തിൽ 3 അടികൾ വീതമുള്ള ഓരോ റൗണ്ടുകളാണ്.
എറിയുന്ന വിധങ്ങൾ
- തലമ
- ഒറ്റ
- ഇരട്ട
- ഊര
- കള്ളൻ
- ചുണ്ടിറുക്കി
- തൊഴുതുകളി
- തപ്പോട്ടി
- നിട്ട
- പൊട്ടൻ- എന്നിങ്ങനെയാണ്.
0 comments:
Post a Comment